നിലപാടുമാസിക

പള്ളിപ്പേടിയും പാർട്ടിപ്പേടിയും ഇല്ലാത്ത നിലപാടുകൾ.
അച്ചടിമാസികയിൽ നിന്നു വെബ്ബിലൂടെ ബ്ളോഗിൽ എത്തി നിങ്ങളിലേക്ക്.
നിങ്ങളുടെ പ്രതികരണങ്ങളും ബദലുകളും ക്ഷണിക്കുന്നു.

Sunday, June 23, 2013

നസ്രാണികള്‍

(ശ്രീ. ജോണി ജെ പ്ലാത്തോട്ടം എഴുതിയ 
ദൈവത്തിന്റെ അജണ്ടയില്‍ പ്രണയമില്ല 
എന്ന കവിതാസമാഹാരത്തില്‍നിന്ന് ഒരു കവിത) 

ഞങ്ങള്‍ ക്രിസ്ത്യാനികള്‍
മദ്ധ്യകേരള നസ്രാണികള്‍
മദ്യലഹരിക്കും ഭക്തിലഹരിക്കും മദ്ധ്യസ്ഥര്‍
പദ്യത്തിലും ഗദ്യത്തിലും കാര്യസ്ഥര്‍
സസ്യത്തിലും സ
സ്യേതരത്തിലും കരുത്തര്‍
ഇണക്കത്തിനും പിണക്കത്തിനും വിദഗ്ധര്‍
പൊതുവെ പറഞ്ഞാല്‍, വിരക്തര്‍

വനഗര്‍ഭങ്ങളുടെ വിളികേട്ട്
മണ്ണിനോടുകാമവും പെണ്ണിനോടു പകയുമായി
മലമ്പനിക്കും മഹാമാരികള്‍ക്കും കുരുതികൊടുത്ത്
കൊടും വ്യാളികളെ മെരുക്കുന്നവന്‍
ഷിമോഗയിലും ചിത്തിരപുരത്തും
കുടിയേറുന്നവന്‍


അയല്ക്കാരനെപ്പോലെ
അവന്റെ അതിരുകളെയും സ്‌നേഹിക്കുന്നവന്‍
ഞായറാഴ്ചകളെ വെട്ടിത്തൂക്കി വില്ക്കുന്നവന്‍

ദൈവവും സര്‍ക്കാരും തരുന്നതെന്തും
കൈനീട്ടി വാങ്ങുന്നവന്‍
ലോണാകട്ടെ, സബ്‌സിഡിയാകട്ടെ
കാണാന്‍ മേടിച്ചതാകട്ടെ-
ഗോണ്‍ഫോറെവര്‍, മൈബ്രദര്‍!
പടച്ചവന്‍ പോലും എഴുതിത്തള്ളുന്നു.

ഞങ്ങളുടെ ശരാശരി സന്താനഭാഗ്യം പത്താകുന്നു
പത്തിലേഴും പെണ്ണാകുന്നു
വായ്കീറിയവന്‍ പോറ്റെട്ടെന്നു തന്തയും
താന്‍പാതി, തന്ത പാതി എന്നു ദൈവവും.
 

ഇരുകക്ഷിക്കും ടെന്‍ഷനേയില്ല
ജോളി ടൈപ്പ് ഇരട്ടകള്‍!
 

തള്ളയുടെ നെടുവീര്‍പ്പിലും ശാപവാക്കിലും തഴച്ച്
പുരനിറഞ്ഞും പരദേശങ്ങളെലാക്കാക്കിയും
പത്തിന്റെ ഗുണിതങ്ങളായി
സത്യക്രിസ്ത്യാനികള്‍ പെരുകുന്നു

കടലുകടന്ന്
മണല്ക്കാടുകള്‍ താണ്ടി
മണല്‍ത്തരിപോലെ പെരുകി
മലയയിലും മൊസപ്പൊട്ടോമിയയിലും മരിച്ച്
ബര്‍ലിനിലും ബര്‍മുഡയിലും പയറ്റി
കോംഗോയിലും കൊളമ്പിലും നിന്നു മടങ്ങിയെത്തുന്നു
ഒന്നാം നിരയിലെ ആറടിപ്പറമ്പും
മാര്‍ബിള്‍ഫലകവും പരസ്യവാക്യവും
പരസ്യമായിത്തന്നെ വ്യവഹാരം ചെയ്യുന്നു
ഭക്ഷണ-കിക്ഷണാദികള്‍ നിറുത്തല്‍ ചെയ്യുന്നു
പ്രളയജലത്തോളം പാനീയവും കഴിച്ച്
കിട്ടാനുള്ളതു കൈപ്പറ്റിയും
കടക്കാരോടു പൊറുക്കാനപേക്ഷിച്ചും
വില്‍പ്പത്രം രചിച്ചും മക്കളോടു പകപോക്കിയും
ഒരുങ്ങിയിരിക്കുന്നു.


അനന്തരം
കര്‍ത്താവില്‍ നിദ്രഭാവിച്ച്
ഉഴവുകാളയോടൊപ്പമോ ജീപ്പോടിച്ചോ
അവന്റമ്മേടെ കടമ്പകളും
കൂരാക്കുടുക്കുകളും കടന്നുപോകുന്നു
പുല്ലുപോലെ കടന്നുപോകുന്നു

മിണ്ടാമഠത്തിന്റെ മൗനത്തിലും
മാര്‍ജാരനടനത്തിന്റെ മുന്‍നിരയിലും
ഒരേ തെരേസമാര്‍
വാക്കുകളുടെ ചാട്ടവീശിയവനും
പൈങ്കിളിയുടെ തലതൊട്ടപ്പനും-വര്‍ക്കിമാര്‍
മലമടക്കുകളില്‍ കഞ്ചാവിനൊപ്പം
കമ്യൂണിസവും വോളിബോളും നട്ടുനനച്ചവര്‍
- ചേട്ടന്മാര്‍

കണ്ടുകെട്ടിയ പ്രണയവും
കുടിയിറക്കിയ സൗഭാഗ്യങ്ങളും
-ഞങ്ങളുടെ വംശ സ്മൃതികള്‍!
വാഗ്ദത്തത്തിന്റെ ഉന്മാദവും
ജന്മപാപത്തിന്റെ വിഷാദരോഗവുംപേറി,
വിശപ്പടക്കിയും
പുതിയ വിശപ്പുകള്‍ തേടിയും
അക്ഷാംശരേഖാംശങ്ങള്‍ തോറും
ഞങ്ങള്‍ നെട്ടോട്ടമോടുന്നു
 

ദൈവമേ!
ഞങ്ങളുടെ ക്ഷുത്തുകള്‍ ശമിപ്പിക്കേണമേ! 


(ആദ്യപ്രതി ഡോ. മനോജ് കുറൂരിനു നല്കികൊണ്ട് ശ്രീ കുരീപ്പുഴ ശ്രീകുമാര്‍ പ്രകാശനം ചെയ്ത 
ഈ പുസ്തകത്തിന്റെ വിതരണം: നാഷണല്‍ ബുക്‌സ്റ്റാള്‍)  

No comments:

Post a Comment